മലയാളി തീൻമേശയിലെ വിഭവങ്ങൾ തീരുമാനിക്കുന്നത് കുക്കിംഗ് ചാനലുകൾ!
യൂട്യൂബിലെ മലയാളം ഉള്ളടക്കത്തിലെ വഴിത്തിരിവായിരുന്നു കഴിഞ്ഞ വർഷം 2018. ഒരു ദശലക്ഷം സബ്സ്ക്രിപ്ഷനുകൾ ആസ്വദിക്കുന്ന മലയാളം ചാനലുകൾ ഇല്ലാത്ത ഒരു അവസ്ഥയിൽ നിന്നും, ഇപ്പോൾ 17 ചാനലുകളാണ് ഒരു ദശലക്ഷം സബ്സ്ക്രിപ്ഷനുകൾ ആസ്വദിക്കുന്ന ഗണത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്നത്. കൂടാതെ അഞ്ച് ലക്ഷം മുതൽ ഒരു ദശലക്ഷം വരെ സബ്സ്ക്രിപ്ഷനുകൾ ആസ്വദിക്കുന്ന 50 ചാനലുകളും ഒരുലക്ഷം സബ്സ്ക്രിപ്ഷനുകൾ ആസ്വദിക്കുന്ന 400 ചാനലുകളും മലയാളഭാഷയിൽ ഇന്ന് യൂട്യൂബിലുണ്ട്. 1.1 ദശലക്ഷം വരിക്കാറുള്ള വില്ലേജ് ഫുഡ് ചാനലും കറിവേൾഡും കൂട്ടത്തിൽ മുന്നിലാണ്.

ചായ മക്കാനിയിലെ ചായ മുതൽ ചാർമിനാർ സ്റ്റൈൽ ചിക്കൻ ബിരിയാണി വരെ ഉണ്ടാക്കി കാണിക്കുന്ന നൂറുകണക്കിന് കുക്കിംഗ് ചാനലുകളാണ് ഇന്ന് കേരളത്തിലെ അടുക്കള കളിലെ ഭക്ഷണ മെനു നിയന്ത്രിക്കുന്നത്. മലയാള ടെലിവിഷൻ ചാനലുകളിലെ കണ്ണീർ പരമ്പരകൾക്ക് മുന്നിൽ സമയം ചെലവഴിച്ചിരുന്ന വീട്ടമ്മമാർ ഇന്ന് യൂട്യൂബ് കുക്കിംഗ് ചാനലുകളിലെ വിഭവങ്ങൾ പരീക്ഷിക്കുന്നതിലാണ് വിനോദം കണ്ടെത്തുന്നത്. പരമ്പരാഗതമായി മൂന്നു നേരത്തെ സ്ഥിരം ഭക്ഷണവിഭവങ്ങൾ കഴിച്ചു മടുത്ത കുടുംബനാഥൻമാർ, വ്യത്യസ്ത രീതിയിലുള്ള ഭക്ഷണങ്ങൾ ആസ്വദിച്ചറിയുവാൻ അവസരം ലഭിക്കുന്നു എന്നതിനാൽ ഇത്തരം കുക്കുകളെ നല്ല രീതിയിൽ തന്നെ സപ്പോർട്ട് ചെയ്യുന്നുണ്ട്. പഴയ തലമുറയിലെ ആളുകൾ പാചകം ചെയ്തിരുന്ന പല വിഭവങ്ങളും ഇന്നത്തെ തലമുറക്ക് ഏറെ അന്യമാണ്. ഇത്തരം വിഭവങ്ങൾ തിരിച്ചുകൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ചാനലുകൾക്ക് നല്ല പ്രോത്സാഹനമാണ് ലഭിക്കുന്നത്.
ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന മലയാളികളായ ബാച്ചിലേഴ്സിൽ ഭൂരിഭാഗവും ഇത്തരം യൂട്യൂബ് ചാനലുകളെ ആശ്രയിക്കുന്നവരാണ്. അവധി ദിവസങ്ങളിൽ തട്ടിക്കൂട്ടുന്ന വിഭവങ്ങളിൽ നിന്ന് വ്യത്യസ്തമായി വിവിധ തരം ഭക്ഷണ വിഭവങ്ങളാണ് നിരവധി പരീക്ഷണങ്ങൾക്ക് ശേഷം തീൻമേശകളിൽ വിളമ്പുന്നത്. വിവാഹപ്രായം ആയിട്ടും ഒരു ചായപോലും ഉണ്ടാക്കാനറിയാത്ത പെൺകുട്ടികൾക്കും ഇത്തരം ചാനലുകൾ ഒരു അനുuഗ്രഹമാണ്.
ചായക്കടകളിലെ ചുമരുകളിൽ സ്ഥാപിച്ചിരുന്ന പരമ്പരാഗത ഭക്ഷണ മെനുവിന് പകരം യൂട്യൂബ് ചാനലുകളിലെ റേറ്റിംഗ് കൂടിയ ചിക്കൻ മപ്പാസ് പോലുള്ള വിഭവങ്ങളാണ് ഇപ്പോഴുള്ളത്.
ഓൺലൈനിലൂടെ പരിചയപ്പെടുത്തുന്ന ഇത്തരം വിഭവങ്ങൾക്ക് ആവശ്യമായ ചേരുവകൾ പലതും സാധാരണ കടകളിൽ ലഭ്യമല്ലാത്തതിനാൽ, ഓൺലൈൻ സൂപ്പർമാർക്കറ്റുകളിൽ ഇത്തരം ചേരുവകൾക്ക് ആവശ്യക്കാർ ഏറെയാണ്.

Interesting and good...
ReplyDelete