മൈലാഞ്ചി- നമ്മൾ അറിയേണ്ടത്
വീട്ടുവളപ്പിലും പറമ്പുകളിലുമൊക്കെയായി തഴച്ചു വളർന്നിരുന്ന മൈലാഞ്ചി ചെടികളിൽ നിന്ന് ഇലകൾ പറിച്ച് വീടുകളിൽ കൊണ്ടുവന്ന് അമ്മിയിൽ അരച്ച്, ഉള്ളം കൈകളിലും വിരലുകളിലും പത്തിരിയും തൊപ്പിയുമൊക്കെ ഇട്ടുകൊടുത്തിരുന്ന ദൃശ്യങ്ങൾ ഇന്ന് വളരെ അപൂർവമാണ്. പകരം കടകളിൽ നിന്നും വാങ്ങുന്ന മൈലാഞ്ചി ട്യൂബുകൾ ഉപയോഗിച്ച് കൈകളിലും കാലുകളിലുമൊക്കെയായി ചെയ്യുന്ന മനോഹര ഡിസൈനുകളാണ് നമുക്കു ചുറ്റും കാണാൻ കഴിയുന്നത്. അൽപം ക്ഷമയും കരവിരുതും ഉണ്ടെങ്കിൽ, മൈലാഞ്ചി ട്യൂബ് ഉപയോഗിച്ച് മനോഹരങ്ങളായ ഡിസൈനുകൾ അനായാസം ചെയ്‌തെടുക്കാൻ കഴിയുന്നു എന്നത് തന്നെയാണ് മൈലാഞ്ചി ട്യൂബുകൾക്ക് ഇത്രയധികം പ്രചാരം ലഭിക്കാൻ കാരണം. ഏഷ്യയുടെയും ആഫ്രിക്കയുടെയും ഉഷ്ണമേഖലകളിൽ ധാരാളമായി കണ്ടുവരുന്ന മൈലാഞ്ചി, വളരെയേറെ ഔഷധ ഗുണമുള്ള ഒരു സസ്യമാണ്. തൊലി സംബന്ധമായ അസുഖങ്ങൾ, മുടിയുടെ നര, താരൻ , നഖങ്ങളിലുണ്ടാകുന്ന അസുഖങ്ങൾ തുടങ്ങിയവക്കെല്ലാം നല്ലൊരു പ്രതിവിധിയാണ് മൈലാഞ്ചി. പുരാതന കാലം മുതൽ തന്നെ വിവാഹങ്ങൾ, ഉത്സവങ്ങൾ, മറ്റു ആഘോഷവേളകളിലെല്ലാം തന്നെ, ജാതിമത ഭേദമന്യേ, ഇന്ത്യയിലുടനീളം മൈലാഞ്ചി ഉപയോഗിച്ച് വരുന്നുണ്ട്. ആചാരങ്ങ...
